തിരുവനന്തപുരം: മഹാരാഷ്ട്രയിൽ വൈദികനെയും സംഘത്തെയും അറസ്റ്റ് ചെയ്തതിനെതിരേ വ്യാപക പ്രതിഷേധം ഉയർന്നു. സംഭവത്തെ മുഖ്യമന്ത്രി പിണറായി വിജയൻ അപലപിച്ചു. ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ട് സംഘപരിവാർ നടത്തുന്ന ആശങ്കാകരമായ നീക്കമാണിതെന്നു മുഖ്യമന്ത്രി എക്സിൽ പോസ്റ്റ് ചെയ്തു.
നേരത്തെ ജബൽപുരിൽ ഉണ്ടായതുപോലെ, ന്യൂനപക്ഷങ്ങളെ ധ്രുവീകരിക്കുക ലക്ഷ്യമിട്ട് സംഘപരിവാർ പിന്തുടരുന്ന ആശങ്കാജനകമായ രീതിയാണിത്. ഇത്തരം നടപടികൾ ഭരണഘടനാ സ്വാതന്ത്ര്യങ്ങളെ ദുർബലപ്പെടുത്തുമെന്നും മുഖ്യമന്ത്രി എക്സിൽ കുറിച്ചു. വൈദികനെ അറസ്റ്റ് ചെയ്ത സംഭവത്തിൽഅടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പ്രധാനമന്ത്രിക്കും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനും കത്തയച്ചു.
ഫാ. സുധീറിനെയും ഭാര്യ ജാസ്മിനെയും അറസ്റ്റ് ചെയ്ത മഹാരാഷ്ട്ര സര്‍ക്കാരിന്റെ നടപടി അപലപനീയമാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാനും പ്രചരിപ്പിക്കാനുമുള്ള സ്വാതന്ത്ര്യം ഭരണഘടന ഉറപ്പ് നല്കുന്ന മൗലികാവകാശമാണ്. അതുകൊണ്ടുതന്നെ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 25ന്റെ നഗ്നമായ ലംഘനമാണ് അറസ്റ്റ്. കേസ് പിന്‍വലിക്കാന്‍ മുഖ്യമന്ത്രി മഹാരാഷ്ട്ര സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.